2017, മാർച്ച് 1, ബുധനാഴ്‌ച

മൃണ്മയരൂപം

ഇരുൾവെട്ടങ്ങളിൽ 
ഇന്ദുമതിയെ പ്രണയിച്ച്
പലായനത്തിന്റെ 
പ്രവേഗോർജ്ജങ്ങളാവാഹിച്ച് 
ശ്വസനവായുവിന്റെ 
മേലാപ്പും മറികടന്ന് 
ഈ മൃണ്മയരൂപം ചെന്നുപെട്ടത്
നിശ്ചലമാക്കപ്പെട്ട 
ചാന്ദ്രകാലത്തിന്റെ 
അമാവാസിയിലാണ്..

ഭാഷാരൂപം

നിങ്ങൾക്ക് മധുരം തരാൻ 
ഞാൻ ചാന്ദ്‌നി ചൗക്കിലെ 
മിഠായി വിൽപ്പനക്കാരനല്ല
നിറങ്ങളുടെ പകിട്ടു വിടർത്താൻ 
സൂറത്തിലെ വസ്ത്രവ്യാപാരിയുമല്ല
അറിവിന്റെ തെളിനീരു പകരാൻ പണ്ഡിതനുമല്ല 
സമ്മാനങ്ങൾ നൽകാൻവേണ്ടും
സമ്പന്നനും അല്ല
ആകെയുള്ളത് ഹൃദയത്തിലെ 
വ്രണങ്ങളാൽ ദുർഗന്ധം വമിക്കുന്ന 
ചലങ്ങളുടെ ഭാഷയാണ്
മനുഷ്യകുലത്തിനാകെ  
അറപ്പും വെറുപ്പും തോന്നുന്ന 
ക്ഷരകാംക്ഷിയായ ഭാഷാരൂപം. 

പഠനം അവസാനിപ്പിച്ച പയ്യൻ

ബെൻസീൻ റിങ്ങുകളിൽ 
മധുരം നിറയാഞ്ഞതിനാലാകാം  
തേൻകൂടുകൾ തേടിയലഞ്ഞത്

ഇടിക്കൂടുകളിൽ 
തിരിച്ചടിയേറ്റുവാങ്ങാൻ 
കെല്പില്ലാത്തതിനാലാകാം 
തേനീച്ചകളുടെ കുത്തുകളേറ്റുവാങ്ങിയത്

മനുഷ്യമനസുകൾ 
അപഹരിക്കാനാകാത്തതിനാലാകാം 
തേനീച്ചകളുടെ സമ്പാദ്യം തട്ടിയെടുത്തത്.

വറുതിപ്പുഴ

വറുതിയുടെ അറിവുകാലങ്ങളിൽ 
പുഴയൊഴുക്കിന്റെ പൂരങ്ങളാകെയും നിലച്ചു.
പുറമ്പോക്കിലെ ആർത്തലച്ച കളിയിടങ്ങളിൽ 
കൽത്തൂണുകളുടെ നിറരൂപങ്ങൾ നിവർന്നുപൊന്തി
പുഴക്കയങ്ങളിൽ ഊളിയിട്ടൂളിയിട്ടൊപ്പമഭിരമിച്ച കൂട്ടുകാരി 
പുഴകളൊക്കെയും പേറുന്ന കടലും കടന്നുപോയി
പേമാരിയെ പ്രണയിച്ച് കയറിയേറിയേറി
പുഴ ഉമ്മറത്ത് വന്നുപോയിട്ടും അപഹരിക്കാത്ത 
പൂഴിയിൽപണിത കൊട്ടാരങ്ങളും
ചിരട്ടകമഴ്ത്തലിൽ വെന്ത അപ്പങ്ങളും 
മെലിഞ്ഞുറയുന്ന ഉള്ളിലേയ്ക്കൊളിപ്പിച്ച് 
അവശേഷിപ്പുകളെയാകെ പുഴതന്നെ
ഞെരിച്ചുഞെരിച്ചുകൊന്നു.

2016, സെപ്റ്റംബർ 3, ശനിയാഴ്‌ച

നീലാംബരങ്ങളോട്

ഉയരാൻ തുടിക്കുന്ന ചിറകുകളിൽ 
അഗ്നിപുരട്ടിയിട്ടാണ് 
മനുഷ്യക്കോലങ്ങൾ 
മഴമരങ്ങളിൽ 
മഴുചാർത്തിയത്.. 
മണ്ണിന്റെ മണം 
മറഞ്ഞുതുടങ്ങിയതിനാലാണ് 
മേൽനിലകളിലിരുന്ന് 
പ്രണയച്ചുണ്ടുരുമ്മിയത് 
പ്രണയത്തിന്റെ 
തൂവലുകളുതിർത്തിട്ടാണ് 
പറവഗോത്രങ്ങൾ 
ഇലയില്ലാചില്ലകളിൽ 
ചേക്കേറിയത്.. 

2016, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച

നീലാംബരിയുടെ രാഗം

കേക വൃത്തങ്ങളിൽ 
അഞ്ജലി നിറഞ്ഞതിനാലാണ് 
നീലാംബരി പുഷ്പ്പിച്ചത്..
മുകുളനേരങ്ങളിൽ 
അശ്രുപുരളാനൊരു 
ശ്രുതി പരത്തിയാണ് 
അശ്വനക്ഷത്രം ഹരം തീർത്തത് ..

2016, ഓഗസ്റ്റ് 22, തിങ്കളാഴ്‌ച

കേപ് ഓഫ് ഗുഡ് ഹോപ്



പ്രത്യാശയുടെ മുനമ്പിൽ 
കൺതുറന്ന് കണ്ടത് 
സൂര്യോദയങ്ങൾക്കപ്പുറം 
അസ്തമയങ്ങളാണ്..
കരയതിർത്തികടന്നാൽ 
അലയൊലികളുടെ സംഗീതത്തിലുപരി
വ്യാകുലതകളുടെ മഹാസാഗരമാണ്..