2016 ജൂലൈ 30, ശനിയാഴ്‌ച

അന്റാർട്ടിക്കയിലെ കടൽതാറാവ്

തണുത്തുറഞ്ഞ 
തടാകങ്ങളിൽ നീരാടണം 
ഹിമധൂളികൾ 
സൂര്യനെ ലക്ഷ്യമാക്കി 
എയ്തുകൊണ്ടേയിരിക്കണം 
മനസാകെയും
വാർദ്ധക്യത്തിന്റെ
വെളുത്തപൂക്കൾ പോലെ
ഓർമയുടെ തേൻ ചുരത്തണം
നാണം കുണുങ്ങിപ്പൂക്കൾ പോലെ
അപരന്റെ കാഴ്ചകളെ
കീഴ്മേൽ മറിക്കണം..
അങ്ങനെയങ്ങനെ
മരണത്തെത്തന്നെ
മലർത്തിയടിക്കണം
ഹൃദയം കരുത്തുകൊണ്ട്
സഹജീവികൾക്കായ് തുടിച്ചുകൊണ്ടേയിരിക്കണം..
മരവിപ്പിന്റെ തണുപ്പുകളെ തോൽപ്പിച്ചുകൊണ്ട്..

2016 ജൂലൈ 27, ബുധനാഴ്‌ച

എന്റെ സ്വപ്നാടനങ്ങളിൽ

ഒരു തവണ കൂടിയുണരാൻ

കഴിഞ്ഞെങ്കിൽ

അലിഞ്ഞു മറിയുന്ന

കല്ലായ് തീരണം,

പുഴയിറക്കങ്ങളിൽ

പുണർന്നുരുണ്ട് നീന്തണം.

വേനൽപ്പുഴയുടെ

മെലിവിന്റെ മേനിയിൽ

വ്യാകുലതയൊക്കെയും പങ്കുവെയ്ക്കണം.

പിന്നെ,

ചാന്ദ്രകാലങ്ങളിൽ

പേമാരി പെയ്യവേ

പുഴയുടെ  ആഴങ്ങളിൽ

ചുരുണ്ടുരുണ്ടു കൂടണം..

നിദ്രയുടെ ആഴങ്ങളിൽ നിന്ന്

വലിച്ചെറിയും വരെ...

കാക്കകളുടെ ശോകം

മുട്ടയിട്ട് പറന്നുപോയ കുയിലുകൾ 
മധുരഗീതം പാടിക്കൊണ്ടേയിരുന്നു 
കാവലിരുന്ന കാക്കകൾ ശോകവും..

ഹൃദയം

ഓരോ ഹൃദയവും 
ഒരു രക്തകോപ്പയാണ് 
അരുണാഭമായ 
ആ കോപ്പയിലെ 
ഒരൊറ്റ തെന്നൽ മതി 
ജീവന്റെ രാഗങ്ങളെ
ചിട്ടപ്പെടുത്താൻ..

ചുവപ്പിന്റെ മൽപിടിത്തം

അവധിയുടെയക്കങ്ങളേക്കാൾ ചുവപ്പ് 
എന്റെ ജീവന്റെയിതളിൽ പടരുകയാണ് 
ചുവരിൽ തൂങ്ങിയാടുന്ന 
അവധിക്കളങ്ങളായല്ല, 
വിയർപ്പിന്റെയുപ്പുകൾ തേടിയോടുന്നൊരു 
മനുഷ്യചുവപ്പിന്റെ നിർവൃതിയായ്‌..
അഗ്രചർമ്മങ്ങളിൽ ചുവപ്പ് ചാലിച്ച്
മേലാകാശങ്ങളിൽ പേമാരി പൊഴിക്കണം
വെയിലിന്റെ മഞ്ഞകളൊക്കെയും മായ്ക്കണം
തളിരിന്റെ വേരിൽ ചോരച്ചുവപ്പിന്റെ
വളച്ചാറു നൽകണം
എന്റെ ചുവപ്പിന്റെ മൽപ്പിടുത്തങ്ങളിൽ
നേരിന്റെ അസ്തമയങ്ങളുദിക്കണം..

പലായനംചെയ്ത തൊഴിലാളികൾ

ഞങ്ങൾ 
പലായനംചെയ്ത തൊഴിലാളികൾ 
നിദ്രകൾ തേടിയാണ്
ഞങ്ങളലഞ്ഞത്
ഉദരമുണർത്താനാണ്
യാത്രതുടങ്ങിയതും
ജീവനുണ്ടെന്ന്
ഓർമപ്പെടുത്താനാണ്
തൊഴിലിനെ കൂട്ടുപിടിച്ചത്..
ഇരരൂപങ്ങളിൽ
ഞങ്ങളിപ്പോഴും വേട്ടയാടപ്പെടുന്നു
തിരിച്ചറിവുകളില്ലായ്കയാൽ
പലരും ഞങ്ങളെ
തിരയാൻ തുടങ്ങിയിരിക്കുന്നു..
ഇന്നിന്റെ ഇവിടങ്ങളിൽ വ്യർത്ഥമായ്..

ആകാശത്തിന്റെ നിറം

ഖനികളിൽ നിന്ന് 
കരി പുരണ്ടപ്പോഴും 
ഹൃദയത്തെ 
കല്ക്കരി നിറച്ച് 
ചുവപ്പിച്ചപ്പോഴും 
അവൻ പറഞ്ഞുകൊണ്ടേയിരുന്നു..
ആകാശത്തിന്റെ നിറം
നീലയാണെന്ന്..

ഏകാകിയുടെ പുസ്തകം

ഏകാകിയുടെ പുസ്തകം
(സഞ്ചാര സാഹിത്യം)
അദ്ധ്യായം: ഒരൊറ്റയൊന്ന്
എന്റെ കറുപ്പിന്റെ
കനവുകൾ
മരണാകാശത്തിന്റെ
തമോഗർത്തങ്ങളേറ്റെടുത്തിരിക്കുന്നു,
ഒക്കെയും മൃതിയടയുന്നു
ചിതയൊരുക്കുന്ന ഗർത്തങ്ങളൊഴികെ..

കടൽകാക്കകളുടെ കാഴ്ചകൾ

മാജിക്കൽ റിയലിസത്തിന്റെയും 
സാഡിസ്റ്റിക് റിയലിസത്തിന്റെയും 
അന്തർധാര നിർജീവമായിരുന്നു 
ആഴക്കടലിന്റെ ചുഴികളും 
അകലങ്ങളിലെ ചക്രവാളവും പോലെ..

അറിവ്

അറിവ്,തിരിച്ചറിവ് 
എന്നതൊക്കെയും 
മുറിവുകളാണ്.
നഗ്നമായ സത്യങ്ങൾ 
ഹൃദയത്തിൽ കോറിയിട്ട 
മുറിവുകൾ ..

അമ്മ

അമ്മ ഉണരുന്നത് 
എന്റെ പുലരികൾക്കും മുൻപേയാണ്
അവരുടെ ഉണർവ്വിന്റെ കാലങ്ങൾ 
ഞാനറിഞ്ഞ ലോകത്തിനും മീതെയാണ് 
എങ്കിലും പകലിന്റെ കലഹങ്ങളിൽ 
ഞങ്ങളിരു ദിക്കിലാണ്..

പച്ച

പൊടുന്നനെയൊരു കാറ്റിൽ 
വസന്തം മുളപൊട്ടും 
ആരാലും പിടിച്ചുകെട്ടാനാവാത്തവിധം 
പേമാരിയുടെ താണ്ഡവം  തുടര്ന്നു-
കൊണ്ടേയിരിക്കും 
മലമുകളിൽ നീരുറവകൾ 
ഉറഞ്ഞു പൊന്തും 
ആ ഒറ്റമരത്തിന്റെ 
ചുവന്ന പൂവിതളുകൾ 
സമതലങ്ങളിലൂടെ 
മഹാസാഗരം പ്രാപിക്കും 
ആ മഹാമേരുവിന്റെ വേരുകൾ  
ഊര്ജ്ജം ആവാഹിക്കും 
ശിഖരങ്ങളിൽ 
പച്ച പടര്ന്നുകൊണ്ടേയിരിക്കും..  

പെങ്ങൾ

വിരലുകൾക്കിടയിലെ 
വിടവുകൾ 
സ്വരരാഗങ്ങളുടെ 
സംഗീതം കൊണ്ട് 
നികത്തിയവൾ ..
നക്ഷത്രങ്ങളോളം
പ്രത്യാശാബിന്ദുക്ക-
ളേറ്റുവാങ്ങിയവൾ.. 
ഇന്നലെയുടെ
ലാവാ പ്രവാഹങ്ങളിൽ 
വേരുറപ്പുള്ള മഹാമേരുവായ്
യർത്തിയവൾ..
വയൽ  നിലങ്ങളിൽ 
വായ്‌ത്താരികൊണ്ട് 
കറ്റകൾ കയ്യേറ്റവൾ..
ഇന്നിന്റെ 
വസന്തോദ്യാനങ്ങളിൽ 
ശ്മശാനം തീർത്ത് 
മൂകതയേകുന്നവൾ.. 

ഓഞ്ഞ ചിന്തകൾ


ഒാര്‍മ്മയുടെ 
ഒാരങ്ങള്‍ക്കപ്പുറം
ഓടിയൊളിച്ചവരെ
ഒരു നാളെപ്പൊഴോ
ഓടിത്തിരയും
ഒരു ഗതിയുമില്ലാതെ 
ഒറ്റപ്പെടലിനു 
ഒത്തിരിയൊത്തിരി
ഒമച്ചിലാകും
ഒയ്യാരമില്ലാതെ
ഒച്ചുകള്‍ പോലെ
ഒടുവിലെപ്പോഴും
ഒഴിഞ്ഞു പോകും..

ഊതിതെറിച്ച ഉറുമ്പുകളുടെ മക്ബര

ച്ചവെയിലിന്റെ
ഷ്ണക്കാറ്റിൽ 
ഉറഞ്ഞുതുള്ളുന്നത് 
ഉറുമ്പുകളുടെ സമൂഹമാണ് 
ഉണ്മകളുടെ 
ഊരുകൾതേടി 
ഉപദ്രവങ്ങളുടെ 
ഉരുക്കുചൂടിൽനിന്നും 
ഉണർവിന്റെ 
ഉറവകൾക്കായ് 
ഉന്മാദത്തിന്റെ 
ഉച്ചകോടികളിൽ 
ഉമ്മ പകുക്കാനൊരു 
ഉരുമ്മിനീങ്ങലിൽ 
ഉലഞ്ഞുലഞ്ഞ്
ഉമിത്തീയിൽ 
ഉറങ്ങിയമരുന്നിതൊക്കെയും.. 

ശൂന്യത

കാഴ്ചയുടെ സത്യങ്ങൾക്കപ്പുറം 
നഗ്നമായ മറ്റൊരു വസ്തുതയുണ്ട് 
നീലാകാശത്തിനപ്പുറത്തെ 
ശൂന്യതപോലെ..